2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

വലിച്ചെറിഞ്ഞ ബിരിയാണി



മഴയിൽ നനഞ്ഞ ഒരു പെരുന്നാൾ സന്ധ്യ രാവിലെ മുതൽക്കേ കാർമേഘം മൂടി മഴ ചാറിക്കൊണ്ടിരിക്കുന്നതിനാൽ പെരുന്നാളിന്റെ ആരവമൊന്നുമുണ്ടായില്ല
അല്ലെങ്കിലും പെരുന്നാളിന്റെ ഗന്ധമൊക്കെ എന്നോ വിടപറഞ്ഞതാണ്
കുട്ടിക്കാലത്ത് പുതു വസ്ത്രമണിഞ്ഞ് അത്തറും പൂശി ഉപ്പാന്റെ കൈയ്യും പിടിച്ച് പള്ളിയിലേക്ക് നടന്നുപോയ മങ്ങിയ ഓർമ്മകൾ മാത്രം
ഉപ്പയെ ആസ്മയെന്ന നീരാളി തളച്ചിട്ടപ്പോൾ കടന്ന് പോയ മൂന്ന് പെരുന്നാളും പട്ടിണിയുടെ നാളുകൾ മാത്രമായിരുന്നു
വലീയപെരുന്നാൾ കഴിഞ്ഞുള്ള ഏതോ ഒരു സന്ധ്യാ നേരത്ത് ഉപ്പ വിടപറഞ്ഞതിന് ശേഷമുള്ള പെരുന്നളുകളെല്ലാം തിളക്കമില്ലാതെ കടന്നു പോവും അതിനാൽ
കാർമേഘംമൂടിയ പെരുന്നാളായിട്ടും പ്രത്യേക മായി ഒന്നും തോന്നിയില്ല.....
ബാംഗ്ലൂർ വഴി ആന്ത്രപ്രദേശിലെ ഹൈടെക് സിറ്റീയിലേക്ക് പോകാനായി കാസറഗോഡ് റെയിൽവേ സ്റ്റഷനിൽ എത്തിയതാണ്
കണ്ണൂര് നിന്നും മംഗലാപുരം വഴി യശന്ത്പുരം വരെ പോകുന്ന വണ്ടിയാലാണ് ടികറ്റ് ബുക്ക് ചെയ്തിരുക്കുന്നത്
വണ്ടി വരാൻ ഇനിയും അരമണിക്കൂർ സമയമുണ്ട്

യാത്രയുള്ളത് കൊണ്ടും മഴയായത് കൊണ്ടും പെരുന്നാളായിട്ട് അയൽ വീടുകളിലോ കുടുംബ വീടുകളിലോ ഒന്ന് കയറാൻ പോലും തരപ്പെട്ടില്ല
ഇത്ര വേഗം വരേണ്ടിയില്ലായിരുന്നു
എന്നോലോചിച്ച് ഒഴിഞ്ഞ് കിടന്ന ഒരു സീറ്റിലിരുന്നു
വലീയ ബാഗുകളും വലിച്ച് ആളുകൾ ഫ്ലാറ്റ്ഫോമിലേക്ക് വന്നു കൊണ്ടിരിക്കുന്നു
പെരുന്നാളവധി ആഘോഷിക്കാൻ പോകുന്നവരും നാട്ടിൽ വന്ന് മടങ്ങിപ്പോവുന്നവരും...
പലതരത്തിലുള്ള യാത്രക്കാർ....
അലസമായി കണ്ണോടിക്കുന്നതിനിടയിലാണ് ഒരു കൊച്ചു പെൺകുട്ടിയെ ശ്രദ്ധയിൽപെട്ടത് കൂടിയാൽ മൂന്ന് വയസ്സ്
കൂസൃതിക്കാരി എന്ന് പറഞ്ഞാൽ പോര.. സുന്ദരിക്കുട്ടി എവിടെയും അടങ്ങിയിരിക്കുന്നില്ല
ഫ്ലാറ്റ്ഫോമിലുള്ള ആളുകൾക്കിടയിലൂടെ ഓടിച്ചാടി കളിക്കുന്നു
ഒരപരിചിത്വവും കുട്ടി കാണിക്കുന്നില്ല വസ്ത്രധാരണവും വൃത്തിയായി വെട്ടി ഒതുക്കിയ മുടിയുമൊക്കെ കണ്ടിട്ട് നാടോടി കുട്ടിയാവാൻ സാധ്യതയില്ല
തിരക്കിട്ട് നടന്നു പോകുന്നവരുടെ ഇടയിൽ കൂടിയും ചുമട്ട് തൊഴിലാളികളുടെ വണ്ടിയിലും ലഘുഭക്ഷണ ശാല കൗണ്ടറിനിടയിലൂടെയും ഓടിച്ചാടി കളിക്കുകയാണ്
അത് ആസ്വതിച്ചിരുന്നു
k
ചൂളം വിളിയുമായി പുകയും തുപ്പി ഒറ്റക്കണ്ണൻ കടന്ന് വന്നു ലൈനറുകൾ ഞെരിഞ്ഞമർന്ന് ശീൽകാരത്തോടെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിൽ നിന്നു...
വണ്ടിയിൽ കയറി സീറ്റ് തെരഞ്ഞു പിടിച്ചു
ആർ എ സി യാണ് ടിക്കറ്റ് രണ്ടാൾക്ക് ഇരുന്ന് യാത്ര ചെയ്യാം പക്ഷെ ഒരു ബെർത്ത് മാത്രമേയുള്ളൂ
ഏതെങ്കിലും സീറ്റ് ക്യാസലായാൽ ബെർത്ത് തരാമെന്ന ടി ടി ആറുടെ വാക്കും കേട്ട് വിന്റോസൈഡിലെ ചെയറിൽ
മുഖത്തോട് മുഖം നോക്കിയിരുന്നു
ട്രെയിൻ ഓടിത്തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞില്ല അപ്പോഴേക്കും ഫ്ലാറ്റ് ഫോമിൽ കണ്ട പെൺകുട്ടി അതേ അവേശത്തോടെ ട്രെയിനികത്ത് ഉയരത്തിലുള്ള ബെർത്തിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു
ഉയരത്തിൽ നിന്ന് ചാടി വീണ്ടും പിടിച്ച് കയറുന്നു കമ്പാർട്ടമെന്റ് മുഴുവനും കീഴടുക്കായാണ് കൊച്ചുസുന്ദരി
എല്ലാവരും ശ്രദ്ധിക്കുന്നതും ആ കൃസൃതിക്കാരിയ തന്നെ
കൂടെ ആരുമില്ലാത്തത് കൊണ്ടാണോ എന്തിനാ ആ കൊച്ചു കുട്ടിയെ അങ്ങിനെ വിട്ടേക്കുന്നത് എന്നാലോചിച്ചു.... അടുത്തിരിക്കുന്നവരോട് അതാരാണെന്നാരാഞ്ഞെങ്കിലും അവർക്കുമറിയില്ല
നല്ല ആക്ടീവായ മോളാണെന്നും അങ്ങിനെ വിടുന്നത് ശരിയല്ലെന്നും പലർക്കും പല കമന്റ്
നേത്രാവതി പാലത്തിലൂടെ ഇഴഞ്ഞ് വന്ന് കങ്കനാടിയിൽ നിർത്തിയിട്ടു
ഒന്നര മണിക്കുർ നിർത്തിയിടും എട്ട് മണിക്കാണ് ഇനി വണ്ടി പുറപ്പെടുക
ഒരാളുടെ ആത്മഗതം കേട്ടു
ഊണ് ചായ കാപ്പി വാട്ടർ കാറ്ററിംഗ് ജീവനാക്കാരുടെ ബഹളം
ഒരു കുപ്പി വെള്ളവും ഒരു കാപ്പിയും വാങ്ങി പുറത്തിറങ്ങി
ആ ദിനത്തെ മൂടാനുള്ള കരിമ്പടം സമ്മാനിച്ച് സൂര്യർ ചക്രവാളത്തിലേക്ക് മറയുന്നു
നേത്രാവതി പുഴയെ തഴുകിയെത്തുന്ന കുളിർക്കാറ്റേറ്റ് ഫ്ലാറ്റ്ഫോമിലുള്ള ദ്രവിച്ച കസേരയിലിരുന്ന് കാപ്പി കുടിച്ചു
കാറ്റിലലിഞ്ഞ് അവ്യക്തമായ മഗ്രിബ് ബാങ്കിന്റെ ശബ്ദം അന്തരീക്ഷത്തിൽ ഒഴുകി തുടങ്ങി......
ഈ നേരത്ത് എന്ത് ഭക്ഷണം ...
പോകുന്ന വഴികയിൽ എന്തെങ്കിലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ച് അങ്ങിനെയിരുന്നു
സമയം ഇഴഞ്ഞ് നീങ്ങുകയാണ് പകലത്തെ ധൃതിയൊന്നും രാത്രിക്കില്ലായെന്ന് തോന്നി കത്തിജ്വലിക്കുന്ന സൂര്യന് വിശ്രമിക്കിനാണോ പകൽ പെട്ടെന്ന് എരിഞ്ഞടങ്ങുന്നത്
എട്ട് മണിയായപ്പോഴേക്കും ചൂളം വിളിയും ഒപ്പം പച്ച ലൈറ്റുകളും തെളിഞ്ഞു
വണ്ടി മെല്ലെ ചലിച്ചു തുടങ്ങി

ആളുകളൊക്കെ കിടക്കാനുള്ള പരിപാടി തുടങ്ങി രണ്ട് പോലീസുകാർ വന്ന് ജനാലയും വാതിലുകളുമൊക്കെ ഭദ്രമായി അടക്കാൻ പറഞ്ഞു
അവർ പോയപ്പോൾ തന്നെ ലൈറ്റും ഓഫ് ചെയ്ത് എല്ലാവരും കിടന്നു
കമ്പാർട്ട് മെന്റിനകത്ത് അരണ്ട വെളിച്ചം മാത്രം
ലാപ്ടോപ്പ് തുറന്ന് പഴയ ഒരു ആൽബം പ്ലെ ചെയ്ത് അതിൽ നോക്കിയിരുന്നു
തീവണ്ടി കുതിച്ചു പായുകയാണ് വേഗത കുറച്ചും കൂട്ടിയും ആടിയുലഞ്ഞോടുന്നു ഏകദേശം പത്ത് മണിയായപ്പോൾ ഒരാൾ അടുത്ത് വന്ന് പതിഞ്ഞ ശബ്ദത്തിൽ നിസ്കരിക്കണമായിരുന്നു ഒന്ന് സഹകരിക്കാമോ എന്ന് ചോദിച്ചു നിങ്ങളുടെ സീറ്റിൽ പറ്റൂലെ എന്ന മറുചോദ്യത്തിന് സെന്ട്രൽ ബെർത്തിൽ ഒരാൾ ഉറങ്ങുന്നതിനാൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു
ശരിയെന്ന് പറഞ്ഞ് എഴുനേറ്റ് ബാത്റൂമിൽ പോയി വുളൂഹ് എടുത്ത് വന്ന് ഇരുൾ മൂടിയ പുറം ലോകത്തെ നോക്കി വാതിൽക്കൽ നിന്നു വിചനമായ പാതയിലൂടെയും വൻമരങ്ങൾ നിറഞ്ഞ വനപ്രദേശത്തിലൂടെയും വിളഞ്ഞു നിൽകുന്നഗോതമ്പ് പാടങ്ങളും പിന്നിട്ട് കുതിച്ചു പായുകയാണ് ഇരുട്ട് മൂടിയ ഈ രാത്രിയിൽ എന്ത് കാണാനാണ് എന്നോർക്കുമ്പോഴേക്കും മനസ്സ് തിരുത്തി....
ഈ ഇരുട്ട് മത്രമയിരുന്നു കൂട്ടിന്
ബാല്യത്തിലേക്ക് കടക്കും മുമ്പ് ഉപ്പ മരണപ്പെടപ്പോൾ ധൈന്യതയാർന്ന മുഖം ആരും കാണാതെ ഒളിപ്പിച്ചതും ഇനിയെന്ത് എന്ന ചോദ്യവുമായി ഇരുളടഞ്ഞ ഭാവിക്ക് മുന്നിലൊലിച്ചിറങ്ങിയ കണ്ണിര് ആരും കാണാതെ മറച്ചതും ഈ ഇരുട്ടായിരുന്നു....
ഇപ്പോൾ ഇരുട്ടിനെ പേടിയില്ല അതിനോട് പ്രണയമാണ്
മെഴുക് തിരിവെട്ടം കൊണ്ട് പോലും ഇരുട്ടിനെ തോൽപിക്കാതെ പല രാത്രികളും ഇരുൾ വീണ വഴികളിലൂടെ അലക്ഷ്യമായി നടന്നിട്ടുണ്ട്
നിശബ്ദമായ നീശീഥിനി കരിമ്പടം പുതച്ച യാമങ്ങളിൽ ചാറ്റൽ മഴയായി വന്ന് കണ്ണീരിന് പിന്തുണയേകിയിട്ടുണ്ട്
ത്രിയാമ നിമിഷങ്ങൾ കാമിനിയായിരുന്നു ലഹരിയായിരുന്നു സാന്ത്വനമായിരുന്നു
നാളെ രാവിലെ വരെ ഇതിലിരിക്കണം യശന്ത്പുരത്തിറങ്ങി മജസ്റ്റിക്കിലേക്ക് പോകണം അവിടെ നിന്നാണ് ആന്ത്രപ്രദേശിലെ കാച്ചിഗൗഡയിലേക്കുള്ള വണ്ടി
പുലരാൻ മണിക്കൂറുകളേറയുണ്ട്
ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതാണ് പുറപ്പെടുന്ന തിരക്കിലും വെപ്രാളത്തിലും പിന്നെ ഒന്നും കഴിച്ചിട്ടില്ല ഇപ്പോൾ വിശപ്പ് തോന്നുന്നു
അയാൾ നിസ്കാരം കഴിഞ്ഞു എന്ന് പറഞ്ഞപ്പോഴാണ് ചിന്ത മുറിഞ്ഞത് സീറ്റിലേക്ക് വന്ന് മഗ്രിബും ഇശാഉം നിസ്കരിച്ച് വീണ്ടും ലാപ് തുറക്കാനായി ബാഗെടുത്തു
വിശപ്പ് ശക്തമാവുന്നു ഇനി എവിടെന്നാ എന്തെങ്കിലും കിട്ടുക ആരോടാണ് ചോദിക്കുക നേരത്തെ വാങ്ങി വെക്കാതിരുന്നത് വിഢിത്തമായി....
ആദ്യമായാണ് ഇങ്ങനെയൊരു ദീർഘയാത്ര അത് കൊണ്ട് തന്നെ ഒരു ധാരണ ഉണ്ടായില്ല
മുമ്പ് ഒന്ന് രണ്ട് തവണ കോഴിക്കോട് വരെ മാത്രമേ ട്രെയിനിൽ യാത്ര ചെയ്തിട്ടുള്ളൂ
നേരത്തെ നിസ്കാരിച്ച് പോയ ആൾ ഭക്ഷണം കഴിച്ച് കൈകഴുകി വരുന്നു ഇനി വരാൻ പോകുന്ന സ്റ്റേഷൻ ഏതാണ് അവിടെ ഭക്ഷണം കിട്ടുമോ എന്ന് അദ്ധേഹത്തോട് ചോദിച്ചു
അങ്ങിനെ വലിയ സ്റ്റേഷനൊന്നും ഇല്ല ഭക്ഷണം കിട്ടാൻ സാധ്യതയില്ലാ എന്ന് പറഞ്ഞു ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ
ഞാൻ തരാം എന്നും പറഞ്ഞ് അയാൾ സീറ്റിൽ പോയി ഒരു പാത്രവുമായി വന്നു
കലശലായ വിശപ്പുണ്ട് പക്ഷെ പരിചയമില്ലാത്തവരിൽ നിന്ന് എങ്ങനെ വാങ്ങി കഴിക്കും
ട്രെയിനുകളിൽ നടക്കുന്ന ചതികളെ പറ്റിയും തട്ടിപ്പുകളെ പറ്റിയും വായിച്ചതും കേട്ടതുമായ കാര്യങ്ങൾ ഫ്ലാഷ് ന്യൂസ് പോലെ മിന്നി....
വിശപ്പ് കാരണം കഴിക്കണം എന്നുണ്ട് പക്ഷെ ഇത് വരെ അധ്വാനിച്ച് നേടിയെടുത്ത സർട്ടിഫിക്കറ്റുകളും മറ്റു ഒർജിനൽ രേഖകളും, നഷ്ടപെടാതെ ഇത് വരെ ഭദ്രമായി സൂക്ഷിച്ച പല ടാറ്റകളുമടങ്ങുന്ന ലാപ്ടോപ്പ് എന്നല്ല ഇത് വരെ നേടിയതും ഭാവി പ്രതീക്ഷയും എല്ലാം നഷ്ടപ്പെട്ടാൽ.... ഓർക്കാൻ പറ്റുന്നില്ല ...
വലീയ സംഘർത്തിനോടുവിൽ
ആ തീരുമാനമെടുത്തു
വിശപ്പ് സഹിക്കാം വെള്ളം കുടിച്ച് നേരം വെളുപ്പിക്കാം ഒരു പരീക്ഷണത്തിന് ശ്രമിക്കാനില്ല
മുഴുവൻ പ്രതീക്ഷകളും, നെയ്തുകൂട്ടിയ സ്വപ്നങ്ങളും സാക്ഷാത്കരിക്കാമെന്ന മോഹവുമായ് തിരിച്ച യാത്രയാണ്
ഈ യാത്ര ലക്ഷ്യത്തിലെത്തുക തന്നെ വേണം അതോരു വാശിയാണ്
ആ പാത്രത്തിലെ ഭക്ഷണം ഒരു കവറിലാക്കി ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു പാത്രം കഴുകി സീറ്റിൽ വന്നിരുന്നു
കുറച്ച് നേരമങ്ങിനെ ഇരുന്നപ്പോൾ അയാൾ പാത്രമെടുക്കാനായി വന്നു കുശലാന്വേഷണങ്ങൾ ചോദിച്ച് പിരിയാൻ നേരം ബിരിയാണി എങ്ങെയുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ നന്നായിരുന്നു എന്ന് അലസമായി പറഞ്ഞൊപ്പിച്ചു
'ഉമ്മ ഉണ്ടാക്കിയതാണ് മീൻ ബിരിയാണി ബാഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലിയാണ് ഓരോ യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴും ഒന്നോ രണ്ടോ പേർക്കുള്ള ഭക്ഷണം അധികം തന്ന് വിടും ഫാദറിന് ബാഗ്ലൂരിൽ ബിസ്നസ്സായിരുന്നു അവരൊന്നിച്ചുള്ള യാത്രയിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന പലരെയും കണ്ടിട്ടുണ്ടെത്രെ അതിന് ശേഷം തുടങ്ങിയതാണ് രണ്ട് സഹയാത്രികർക്കുള്ള ഭക്ഷണമെങ്കിലും കൂടെ കരുതാൻ
പൊതിഞ്ഞ് ബാഗിൽ വെച്ച് തരുമ്പോൾ പറയും ആർകെങ്കിലും ആവശ്യം വരും നഷ്ടമാവില്ല എന്ന്'
എല്ലാ യാത്രയിലും നിങ്ങളെ പോലെ ആരെയെങ്കിലും കണ്ടുമുട്ടും ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം എന്ന് പറഞ്ഞ് അയാൾ ചിരിച്ചപ്പോൾ ഒരായുസ്സ മുഴുവൻ സംഭരിച്ച സകല ഊർജ്ജവും നഷ്ടപ്പെട്ട പോലെ കൈകാലുകൾ മരവിച്ച് കണ്ണുകളിൽ ഇരുട്ട് കയറി തൊണ്ട വരണ്ട് ശബ്ദിക്കാനാവാതെ ഇരുന്നു വിശപ്പ് കൊണ്ട് അടിവയർ മുതൽ തുടങ്ങുന്ന വേദന
അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ഒന്നും കേൾക്കാനുള്ള മാനസികാവസ്ഥയായിരുന്നില്ല അപ്പോൾ
അയാളുടെ മുന്നിൽ എത്രയോ ചെറുതായിപ്പോയത് പോലെ
മുൻധാരണകളോടെ സമീപിച്ചതിനാലുണ്ടായ നഷ്ടം
ആ നല്ല മനസ്സിനെ കാണാൻ പറ്റാതെ പോയതോർത്ത് ഉറക്കം പോലും കൂട്ടിനെത്തിയില്ല
പതിവിലും രണ്ട് മണിക്കുർ വൈകി യശന്ത്പുരത്ത് ട്രെയിനിറങ്ങിയപ്പോൾ ആ കുസൃതിക്കാരി പെൺകുട്ടിയുടെ കൈയ്യും പിടിച്ച് നടന്നു നിങ്ങുന്ന അയാളെ നോക്കിൽക്കാനെ കഴിഞ്ഞുള്ളൂ
പിന്നീടുള്ള പല യാത്രകളിലും ആ ബിരിയാണിപ്പൊതി പ്രതീക്ഷച്ചെങ്കിലും കണ്ടെത്താനായില്ല
ഇന്നും ഓരോ ബിരിയാണിയും സങ്കടപെടുത്തുന്ന ആ ഓർമ്മയിൽ രുചി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു

✍ #അബ്ദുല്ല_അക്കര
akkaraabdulla@gmail.com

ഒരോർമ്മ കുറിപ്പ്

എന്തെങ്കിലും